Sunday, September 18, 2011

വിദേശ മലയാളികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോള്‍

വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താമോ? ഏതൊരു വിദേശ ഇന്ത്യക്കാരനും തോന്നാവുന്ന സംശയമാണിത്. എന്‍.ആര്‍.ഐകള്‍ക്ക് ഇന്ത്യയില്‍ ഓഹരി നിക്ഷേപം നടത്താനായുള്ള പദ്ധതിയാണ് പി.ഐ.എസ് അഥവാ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ്് സകീം. ഈ സ്‌കീമില്‍ ഓഹരിവ്യാപാര സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പി.ഐ.എസ് പദ്ധതി അനുസരിച്ച് ദൈനംദിന വ്യാപാരം നടത്താന്‍ കഴിയില്ല. അതായത് തിങ്കളാഴ്ചയാണ് എന്‍ആര്‍ഐ നിക്ഷേപകന്‍ ഓഹരി വാങ്ങുന്നതെങ്കില്‍ ഇത് വില്‍ക്കാനായി ബുധനാഴ്ച വരെ കാത്തു നില്‍ക്കേണ്ടി വരും. ഈ പദ്ധതി അനുസരിച്ചുള്ള വ്യാപാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലായിരിക്കും.

എന്‍.ആര്‍.ഐകള്‍ക്കും മറ്റ് നിക്ഷേപകരെപ്പോലെ വ്യാപാരത്തിനായി ഡീമാറ്റ് അക്കൗണ്ട്( ഇലക്ട്രോണിക്ക് ട്രേഡിങ് അക്കൗണ്ട്) തുറക്കേണ്ടതുണ്ട്. ഇതിനായി ബ്രോക്കിങ് ഏജന്‍സികളുടെ സഹായം തേടുകയാവും അഭികാമ്യം. ബ്രോക്കിങ് ഏജന്‍സികള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകൃത ഏജന്‍സി തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലവില്‍ താമസിക്കുന്ന രാജ്യത്ത് സേവന കേന്ദ്രങ്ങളുള്ള ഏജന്‍സി തിരഞ്ഞെടുക്കുകയായിരിക്കും നല്ലതെന്ന് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജെ.ആര്‍.ജി സെക്യൂരിറ്റീസിലെ സീനിയര്‍ മാനേജര്‍ രാധാകൃഷ്ണന്‍ ഭട്ട് അഭിപ്രായപ്പെടുന്നു.

സ്വന്തം പോര്‍ട്ട്‌ഫോളിയോ സംബന്ധിച്ചുള്ള സംശയങ്ങളും മറ്റും ലഘൂകരിക്കാന്‍ ഇത് കൂടുതല്‍ സഹായകമാവും. ജെ.ആര്‍.ജി സെക്യൂരിറ്റീസ്, ജിയോജിത് ബി.എന്‍.പി പാരിബ, ഡി.ബി.എഫ്.എസ്, ഷേര്‍ഖാന്‍ എന്നിങ്ങനെയുള്ള ബ്രോക്കിങ് ഏജന്‍സികള്‍ക്ക് നിലവില്‍ വിദേശരാജ്യങ്ങളില്‍ സേവന കേന്ദ്രങ്ങളുണ്ട്.

ബ്രോക്കിങ് ഏജന്‍സി തിരഞ്ഞെടുക്കുമ്പോള്‍ ഏജന്‍സിയുടെ നിലവാരവും സേവനവും മനസ്സിലാക്കുക അത്യാവശ്യമാണ്. ഏജന്‍സിക്ക് സ്വന്തം രാജ്യത്തുള്ള സാന്നിധ്യം, കമ്പനിയുടെ ആസ്തി, കടബാധ്യത സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അറിയാന്‍ കഴിഞ്ഞാല്‍ ഏജന്‍സിയുടെ നിലവാരമളക്കാന്‍ കഴിയും. അതുപോലെ സെബിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മുന്‍പ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും നഷ്ട സാധ്യതയും മനസിലാക്കിയിരിക്കണം. നേട്ടം സ്വന്തം രാജ്യത്തെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതി വേണോ അതൊ വിദേശത്തെ അക്കൗണ്ടില്‍ സൂക്ഷിക്കുന്ന രീതിയില്‍ വേണോ എന്നും തീരുമാനിക്കണം. നിലവിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ ഓഹരി വ്യാപാരം നടത്താന്‍ കഴിയുമെങ്കില്‍ അങ്ങനെയുമാവാം. എന്നാല്‍ ഇത് ബാങ്കുമായി ബന്ധപ്പെട്ടതിന് ശേഷം തീര്‍ച്ചപ്പെടുത്തേണ്ടതാണ്. ഇനി പുതിയ അക്കൗണ്ട് തുറക്കുന്ന സാഹചര്യത്തില്‍ മിക്ക ബാങ്കുകളുടെയും വെബ്‌സൈറ്റില്‍ നിന്ന് തന്നെ ഇതിനായുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഓര്‍ക്കണം. അപേക്ഷ ഒപ്പിട്ട് നല്‍കുന്നതിന് പേജുകളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. അക്കൗണ്ട് തുറക്കുന്നതിനായി ബാങ്കുകള്‍ വ്യത്യസ്ഥമായ ഫീസാണ് ഈടാക്കുന്നത്.

ഇന്ത്യയിലെ ഒരു ബ്രോക്കിങ് ഏജന്‍സി വഴി മാത്രമേ വിദേശ ഇന്ത്യക്കാര്‍ക്ക് ഓഹരി വ്യാപാരം നടത്താന്‍ സാധിക്കൂ. ഇനി ഇന്ത്യയില്‍ ഉള്ള ഒരു ബന്ധുവാണ് നിങ്ങള്‍ക്കായി വ്യാപാരം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും സൗകര്യമുണ്ട്. പക്ഷെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ബന്ധുവിന് അവകാശ പത്രം ഒപ്പിട്ടു നല്‍കണമെന്ന് മാത്രം.

പിന്നെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യം ഓഹരി നിക്ഷേപം മറ്റേതൊരു വ്യാപാരത്തിലെ നിക്ഷേപം പോലെയും ലാഭ-നഷ്ടങ്ങള്‍ക്ക് വിധേയമാണ് എന്നതാണ്. അതുകൊണ്ട് തന്നെ വലിയ നേട്ടങ്ങളില്‍ മാത്രം ലക്ഷ്യം വെക്കാതെ സ്ഥിരതയുള്ള നിക്ഷേപത്തിനായിരിക്കണം ഊന്നല്‍ കൊടുക്കേണ്ടത്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

Saturday, September 17, 2011

ഓഹരി ഇടപാടു തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം.

ഓഹരിയില്‍ നിക്ഷേപം നടത്തി ആകര്‍ഷകമായ വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഓഹരി ഇടപാടിന് ആവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.

വ്യക്തിഗത നിക്ഷേപകരെ ചെറുകിട നിക്ഷേപകര്‍ അഥവാ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് നിക്ഷേപം നടത്താന്‍ ആവശ്യമായ നിബന്ധനകള്‍ താഴെ പറയുന്നവയാണ്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ വ്യക്തികള്‍ക്ക് ഇടപാടു നടത്താനാകൂ. അതിനായി ആദ്യം വേണ്ടത് ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുകയാണ്.

ഇത് തുറക്കാനായി വിശ്വാസ്യതയുള്ള ബോക്കറെ തിരഞ്ഞെടുക്കുകയാണ് നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്. അതു കഴിഞ്ഞാല്‍ നിങ്ങളും ബ്രോക്കറും തമ്മിലുള്ള ബന്ധം ഉറപ്പാക്കാനുള്ള നടപടി ക്രമങ്ങളാണ്. ഇതിനായി നോ യുവര്‍ ക്ലയന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍ , തിരിച്ചറിയല്‍ രേഖകള്‍ , പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. ക്ലയന്റ് ബ്രോക്കര്‍ എഗ്രിമെന്റ്, റിസ്‌ക് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്.
ഇതെല്ലാം പൂര്‍ത്തിയായാല്‍ ബ്രോക്കര്‍ നിങ്ങള്‍ക്കായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്‍ ഒരു യുണീക്ക് ക്ലയന്റ് കോഡ് നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്‍ വഴി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.

നിങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ പേപ്പര്‍ രൂപത്തിലല്ല, ഇലക്‌ട്രോണിക് രൂപത്തിലാണ് ഇപ്പോള്‍ സൂക്ഷിക്കുക. അതിനായാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനു സമാനമാണിത്. എസ് ബി അക്കൗണ്ടില്‍ പണം ആണ് സൂക്ഷിക്കുന്നതെങ്കില്‍ ഡീമാറ്റില്‍ ഓഹരികളാണ് എന്നുമാത്രം. വാങ്ങുന്ന ഓഹരികള്‍ ഈ അക്കൗണ്ടിലേയ്ക്ക് കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കും. വില്‍ക്കുന്ന ഓഹരികള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും. ഫലത്തില്‍ നിങ്ങളുടെ ഓഹരികളുടെ കൃത്യമായ വിവരം ഡീമാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരിക്കും.

സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ പേരു ചേര്‍ത്തിട്ടുള്ള അഥവാ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് നമ്മള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുക. എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) , ബിഎസ്ഇ (ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നീ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകളാണ് ഇപ്പോള്‍ ഉള്ളത്. ഇവയുടെ ടെര്‍മിനലുകളില്‍ നിന്ന് നിങ്ങള്‍ക്കായി നടത്തുന്ന ഇടപാടുകളില്‍ പണം നല്‍കേണ്ട ഉത്തരവാദിത്വം നിങ്ങളുടെ ബ്രോക്കര്‍ക്കാണ്. അതിനായി നിങ്ങള്‍ ബ്രോക്കറുടെ പേരില്‍ അക്കൗണ്ട് പേയി ചെക്ക് നല്‍കണം.
ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബ്രോക്കറോട് ആവശ്യപ്പെടാം. നേരിട്ട് ചെന്നോ ഫോണ്‍ വഴിയോ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാം. ഇതുപ്രകാരമാണ് ബ്രോക്കര്‍ നിങ്ങള്‍ക്കായി ഇടപാടു നടത്തുന്നത്.

ഇടപാട് നടത്തിയാല്‍ ബ്രോക്കര്‍ ഒരു ട്രേഡ് കണ്‍ഫര്‍മേഷന്‍ സ്ലിപ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ ഇടപാടു സംബന്ധിച്ച കോണ്‍ട്രക്ട് നോട്ടും ബ്രോക്കര്‍ നല്‍കേണ്ടതുണ്ട്. ഓര്‍ഡര്‍ നമ്പര്‍, സമയം, വില, ബോക്കറേജ് എന്നിവയടക്കം ഇടപാടു സംബന്ധിച്ച എല്ലാ വിവരങ്ങളും വ്യക്തമാക്കിയിട്ടുള്ള ഈ കോണ്‍ട്രാക്ട് നോട്ട് നിയമപരമായ രേഖയാണ്. ഒരു ദിവസം നിങ്ങള്‍ക്കായി നടത്തിയ ഇടപാടിന്റെ രേഖയാണ് കോണ്‍ട്രക്ട് നോട്ട്. ഇടപാടു സംബന്ധിച്ചുള്ള പരാതികളും ക്ലെയിമുകളും സെറ്റില്‍ ചെയ്യാനുള്ള രേഖയാണിത്. ബ്രോക്കര്‍ക്ക് എതിരായി പരാതി സമര്‍പ്പിക്കേണ്ട ആവശ്യം വന്നാല്‍ അതിനുള്ള തെളിവും ഈ നോട്ടാണ്.

കോണ്‍ട്രക്ട് നോട്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് സംശയം നിങ്ങള്‍ക്കുണ്ടായാല്‍ എക്‌സ്‌ചേഞ്ചുകളുടെ സൈറ്റുകളില്‍ അവ പരിശോധിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഇടയ്ക്ക് ഇത്തരത്തില്‍ പരിശോധന നടത്തി ബ്രോക്കറെ കുറിച്ചുള്ള വിശ്വാസ്യത ഉറപ്പിക്കാവുന്നതാണ്.

ഇടപാടു നടത്തി 24 മണിക്കൂറുകള്‍ക്കുള്ളില്‍ അതു സംബന്ധിച്ച പണം ഇടപാടുകളും സെറ്റില്‍ ചെയ്തിരിക്കണമെന്നാണ് സെബിയുടെ നിബന്ധന. അതിനാണ് ടി പ്ലസ് ടു എന്നു പറയുന്നത്. ഓഹരി വാങ്ങിയാല്‍ രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കും. വില്‍ക്കുമ്പോഴാകട്ടെ അതിനുള്ള തുക അത്രയും സമയത്തിനുള്ളില്‍ അക്കൗണ്ടില്‍ വരും. ആവശ്യാനുസരണം ആ പണം ബ്രോക്കര്‍ വഴി പിന്‍വലിക്കാം.

ഇന്റര്‍നെറ്റ് ട്രേഡിങ് വഴി എപ്പോള്‍ എവിടെയിരുന്നും നേരിട്ട് ഇടപാടു നടത്താനും ഇപ്പോള്‍ സാധിക്കും. പക്ഷേ അതിനും ബ്രോക്കറുടെ പക്കല്‍ നിന്ന് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്.

ട്രേഡിങ് അക്കൗണ്ട് തുടങ്ങാനും മറ്റുമായി 2000 രൂപ മുതല്‍ 5000 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം ബ്രോക്കിങ് ഹൗസുകളും ഇപ്പോള്‍ സൗജന്യമായാണ് ട്രേഡിങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത്. ഓഹരിയിടപാടില്‍ ലഭിക്കുന്ന ബ്രോക്കറേജ് ആണ് ബ്രോക്കിങ് ഹൗസുകളുടെ വരുമാനം. പരമാവധി 2.5 ശതമാനം വരെ ബ്രോക്കറേജ് ആയി ഈടാക്കാന്‍ സെബി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ വളരെ ചെറിയ ശതമാനമേ ഇപ്പോള്‍ ബ്രോക്കര്‍മാര്‍ ഈടാക്കുന്നുള്ളൂ. ബ്രോക്കറേജിനു പുറമെ സര്‍വീസ് ചാര്‍ജ്, ടാക്‌സ് എന്നിവയും ഇടപാടുകാരില്‍ നിന്ന് ഈടാക്കും.
[courtesy: mb4fin]